സ്വപ്ന ശലഭം

ഒരോ നിറങ്ങൾക്കും ഒരോ കഥകൾ പറയാനുണ്ടാകും എന്നു പറഞ്ഞുതന്നത് അമ്മയായിരുന്നു. ആ കഥകളെ ഒരു ബ്രഷ് കൊണ്ട് കാൻവാസിൽ കോറിയിടുവാൻ പഠിപ്പിച്ചതും അമ്മയായിരുന്നു. ആ നിറങ്ങൾ പറയുന്ന കഥകളിൽ ഏറ്റവും തീവ്രമായിട്ടുല്ലത് ചുവപ്പിന്റെതയിരുന്നു എന്ന് അമ്മ കൂടെകൂടെ പറയുമായിരുന്നു. ബിസിനസ്സിൽ സകലതും നഷ്ടപ്പെട്ട്, കിട്ടാകടങ്ങൾ പെരുകിയപ്പോൾ അച്ഛൻ ആ കടങ്ങൾ വീട്ടിയത് ചുവപ്പു നിറമുള്ള കുറച്ചു ഗുളികകൾ കൊണ്ടായിരുന്നു. അച്ഛന്റെ മൃതദേഹത്തിന്റെ അരികിൽ ഒന്നു വിങ്ങിപോട്ടുകപോലും ചെയ്യാതെ അമ്മ ഇരുന്നപ്പോൾ, ആ കണ്ണുകളിൽ ഞാൻ കണ്ടതും അതേ ചുവപ്പുനിറം തന്നെ ആയിരുന്നു. മൂന്നു വർഷങ്ങളോളം എടുത്തു അമ്മയുടെ കണ്ണുകളിലെ ആ ചുവപ്പ് നിറം മായാൻ.. 
എൻറെ പതിനഞ്ചാം പിറന്നാളിനായിരുന്നു അമ്മ എനിക്ക് അത് സമ്മാനമായി തന്നത്. ഒരു കാൻവാസും ബ്രഷും പിന്നെ കുറേ നിറങ്ങളും. അമ്മ തന്നെയായിരുന്നു ഗുരു. നിറങ്ങളുമായി എങ്ങനെ സല്ലപിക്കം എന്ന് അമ്മ എന്നെ പഠിപ്പിച്ചു. വിഭ്രാത്മകമായ എന്റെ ഭാവനകളെ ഞാൻ കാൻവാസിൽ വരച്ചിട്ടു. ഒരു മൂകസാക്ഷി എന്ന പോലെ അമ്മ എന്നും ഞാൻ വരയ്ക്കുന്ന ചിത്രങ്ങളെ നോക്കി നിൽക്കും . എൻറെ ചിത്രങ്ങളെ അമ്മ ഇഷ്ടപ്പെട്ടിരുന്നുവോ? അറിയില്ല. പക്ഷെ അമ്മയെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു. അമ്മ എപ്പോഴും പറയും അമ്മ കൂടെകൂടെ കാണാറുള്ള ഒരു സ്വപ്നത്തെ പറ്റി. കടുംചുവപ്പ് നിറത്തിലുള്ള ഒരു ചിത്രശലഭം. ആ ശലഭം അമ്മയെ അച്ചന്റെ കല്ലറയിലേക്ക് കൂട്ടികൊണ്ട് പോകും. ഒരുപാടു രാത്രികളിൽ അമ്മ ആ ശലഭത്തെ കാണാറുണ്ടായിരുന്നു. ആ ശലഭത്തിനുള്ളത് പോലെയുള്ള ചുവപ്പ് നിറം വേറെങ്ങും കണ്ടിട്ടില്ല എന്ന് അമ്മ പറയുമായിരുന്നു. ആ ശലഭത്തെ പലതവണ ഞാൻ വരയ്ക്കുവാൻ ശ്രമിച്ചു. പക്ഷെ ഞാൻ ആ ശലഭത്തിനു കൊടുക്കുന്ന ചുവപ്പുനിറം അമ്മയുടെ സ്വപ്നശലഭത്തിന്റെ അടുത്തു പോലും വരുന്നില്ല എന്ന് എനിക്ക് ആ കണ്ണുകളിൽ നിന്നും മനസ്സിലാക്കാമായിരുന്നു. 
ഒരിക്കൽ സ്കൂൾ വിട്ടുവന്ന ഞാൻ കണ്ടത് അമ്മയെ കടന്നു പിടിക്കുന്ന ജോൺസ് അങ്കിളിനെയാണ്. അമ്മയുടെ വായ പൊത്തി മുറിയിലേക്ക് വലിച്ചിഴക്കുന്ന ജോൺസ് അങ്കിൾ. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. അച്ഛന്റെ ബിസിനസ് പാർട്ണർ. എത്ര നിമിഷം പകച്ചു നിന്നു എന്ന് എനിക്ക് അറിയില്ല. അടുക്കളയിലേക്ക് ഓടിയതും, വെട്ടുകത്തി എടുത്തതും ഒന്നും.. തലങ്ങും വിലങ്ങും ഞാൻ ജോൺസ്  അങ്കിളിനെ വെട്ടുമ്പോൾ അമ്മയുടെ നിലവിളി ശബ്ദം മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ. ഏറെ നേരമെടുത്തു ശാന്തനാകുവാൻ. അമ്മയെയാണ് ഞാൻ ആദ്യം കണ്ടത്. വാരിച്ചുറ്റിയ സാരിയും അഴിഞ്ഞുകിടക്കുന്ന മുടിയുമായി നിലത്തു കുനിഞ്ഞു ഇരിക്കുന്ന എന്റെ അമ്മ. പിന്നെ ഞാൻ നോക്കിയത് എന്റെ കാൻവാസിലേക്കാണ്. അതിൽ വർണ്ണപ്പകിട്ടില്ലാതെ പുറത്തേയ്ക്ക് പറക്കുവാൻ വെമ്പി നില്ക്കുന്ന അമ്മയുടെ സ്വപ്നശലഭം. കയ്യിലിരുന്ന വെട്ടുകത്തി താഴെയിട്ടു ഞാൻ ബ്രഷ് കയ്യിലെടുത്തു. നിലത്ത് ഒഴുകിക്കൊണ്ടിരിക്കുന്ന ആ ചുവപ്പു ചായത്തിൽ ബ്രഷ് മുക്കിയെടുത്ത് ഞാൻ കാൻവാസ് ലക്ഷ്യമാക്കി നടന്നു. ചിത്രം പൂർണ്ണമായത്തിനു ശേഷമാണ് ഞാൻ അമ്മയെ വിളിച്ചത്. കാൻവാസിലേക്കു  നോക്കിയ അമ്മയുടെ കണ്ണിൽ, പണ്ടു നഷ്ടമായ ചുവപ്പു തിരികെയെത്തുന്നത് ഞാൻ കണ്ടു. അപ്പോഴും മുറിക്കുള്ളിൽ പാറിപറന്നു കൊണ്ടിരുന്നു.. അമ്മയുടെ ആ സ്വപ്നശലഭം. രക്തവർണ്ണമുള്ള സ്വപ്നശലഭം.

Comments

Popular posts from this blog